06/10/2019
ദന്തചികിത്സാരംഗത്ത് മലയാളി ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒന്നാണ് റൂട്ട് കനാൽ ചികിത്സ. ചിലർക്ക് റൂട്ട് കനാൽ എന്നാൽ വേര് ചികിത്സയാണെങ്കിൽ ചിലർക്കത് വേര് അറുക്കലാണ്. അതേ സമയം ചിലർക്കത് "തരിപ്പിച്ച് ക്ലീനാക്കലും" മറ്റു ചിലർക്ക് "പല്ലിനെ കൊല്ലലുമാണ്". ശരിക്കും എന്താണ് റൂട്ട് കനാൽ ട്രീറ്റ്‌മെന്റ് ?
ധാരണകളും തെറ്റിദ്ധാരണകളും കൂട്ടിക്കുഴച്ചും , കഥകളിലും കെട്ടുകഥകളിലും പൊതിഞ്ഞുമാണ് സാധാരണക്കാരന്റെ മുന്നിലേക്ക് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എങ്കിലും, അതിനൂതനമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്ന ഫലപ്രദമായ ഒരു ദന്തചികിത്സയാണ് റൂട്ട് കനാൽ ട്രീറ്റ്മെന്റ് അഥവാ RCT.പരിഷ്കാരിയെന്നും ഭീകരനെന്നും മുദ്രകുത്തപ്പെട്ട പാവമാം RCT യെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി!
RCT യെ കുറിച്ച് പൊതുവെ ആളുകൾ ചോദിച്ചു കേട്ടിട്ടുള്ള സംശയമാണ് വേര് അറുക്കുമോ എന്നത്! പല്ല് പറിച്ച് വേര് അറുത്തിട്ട് തിരിച്ച് വെക്കുമോ എന്നും ചിലർ ചോദിക്കാറുണ്ട്. RCT എന്ന ചികിത്സയുടെ പ്രക്രിയയിൽ പല്ലിന്റെ വേര് "അറുക്കുന്ന" പരിപാടിയേ ഇല്ല എന്നതാണ് വാസ്തവം.
ഏറ്റവും ബേസിക് ആയ ചില ചോദ്യങ്ങളിലൂടെ സത്യാവസ്ഥ പറയാന്‍ ശ്രമിക്കട്ടെ.
1,എന്താണ് റൂട്ട് കനാൽ ചികിത്സയിൽ ചെയ്യുന്നത്?
പല്ലിനെ തരിപ്പിക്കുന്ന ഇഞ്ചക്ഷൻ കൊടുത്ത് മരവിപ്പിച്ചതിന് ശേഷം ഒരു ചെറിയ ദ്വാരത്തിലൂടെ പല്ലിന്റെ അണുബാധയേറ്റ മാംസളഭാഗമായ pulp നീക്കം ചെയ്ത് അതിന്റെ വേരുകടെയറ്റം വരെ അണുവിമുക്തമാക്കി നിലനിർത്തൽ മാത്രമാണ് ഏറ്റവും സിമ്പിൾ ആയി പറഞ്ഞാൽ റൂട്ട് കനാൽ ചികിത്സ.
2,എപ്പോഴാണ് റൂട്ട് കനാൽ ചികിത്സ ചെയ്യുന്നത്? അഥവാ ചെയ്യേണ്ടിവരുന്നത്??
തന്റെ പല്ലുകളിൽ ഉണ്ടാവുന്ന കേടുകൾ അഥവാ പോടുകൾ ഒരു വ്യക്തി
"വേദനയൊന്നുമില്ലല്ലോ.. പിന്നെന്താ കുഴപ്പം? വേദന വരുമ്പോൾ അപ്പൊ നോക്കാം"
എന്ന ഭാവത്തിൽ നിസ്സാരമായി കരുതി അവഗണിക്കുമ്പോൾ ദന്തക്ഷയം പല്ലിന്റെ ഏറ്റവും ഉള്ളിലെ, കുഞ്ഞുഞരമ്പുകളും രക്തക്കുഴലുകളും ഒക്കെയുള്ള മാംസളഭാഗമായ ദന്തമജ്ജ (DENTAL PULP) യെ ബാധിക്കുന്നു.ഇതിന്റെ തുടർച്ചയായി അണുക്കൾ ദന്തമജ്ജയില്‍ പെറ്റുപെരുകി വേരിന്റെ അറ്റത്തെ സുഷിരത്തിലൂടെ താടിയെല്ലിലേക്ക് പടരുന്നു. അങ്ങനെ വേരറ്റത്തിന് ചുറ്റും അണുക്കളുടെ കോളനിവൽക്കരണം പൂർത്തിയാകുന്നതോടെ പല്ലിന്റെ കഷ്ടകാലം തുടങ്ങി.
മിക്കവരിലും ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ അസഹ്യമായ വേദന ഉണ്ടാവും. ചുളുചുളാ കുത്തുന്ന പോലെയുള്ള പല്ലുവേദന , രാത്രിയിൽ തീവ്രത കൂടുന്ന പല്ലു വേദന എന്നീ രോഗലക്ഷണങ്ങൾ മുൻപ് നിങ്ങൾ നിസ്സാരമായി അവഗണിച്ചുവിട്ട പല്ലിലെ ആ ചെറിയ പോട് ഒടുവിൽ പല്ലിൽ അണുബാധയ്ക്ക് കാരണമായിമാറി എന്നതിന്റെ പ്രകടമായ തെളിവാണ് എന്നറിയുക.
ഇങ്ങനെ പല്ലുവേദന സഹിക്കാൻ വയ്യാതാകുമ്പോഴാണ് മിക്ക രോഗികളും ദന്തവൈദ്യരെ സമീപിക്കുക.
ഇത്തരം സാഹചര്യങ്ങളിൽ വേദന എന്നെന്നേക്കുമായി മാറാൻ രണ്ടു വഴികൾ ആണുള്ളത്.
1, റൂട്ട് കനാൽ ചികിത്സ
2, പല്ല് പറിച്ചു കളയൽ
സ്വാഭാവികമായും നമ്മുടെ സ്വന്തം പല്ല് യദാസ്ഥാനത്ത് നിർത്തിക്കൊണ്ട് വേദന മാറ്റാൻ പറ്റുമെങ്കിൽ ആ പല്ല് എന്നെന്നേക്കുമായി പറിച്ചുകളയുന്നതിനേക്കാൾ അതല്ലേ നല്ലത്?
അങ്ങനെ അണുബാധയേറ്റ പല്ലിനെ നമുക്ക് പിന്നെയും ഒരുപാട് കാലം ഉപയോഗിക്കാൻ പാകത്തിൽ നിലനിർത്താൻ സഹായിക്കുന്ന ഒരവസാന പിടിവള്ളിയാണ് RCT. അതായത് പ്രധാനമായും അണുബാധ കാരണം വേദനയുള്ള/ജീവനറ്റ പല്ലുകളിലാണ് RCT ചെയ്യുന്നത്.
3, എന്തിനാണ് റൂട്ട് കനാൽ ചികിത്സ ചെയ്യുന്നത്?വെറുതെ പോടങ്ങടച്ചാൽപ്പോരേ?
മനുഷ്യശരീരത്തിൽ വേറെവിടെയെങ്കിലും ഒരു മുറിവുണ്ടായി അല്ലെങ്കിൽ പഴുപ്പ് ബാധിച്ചു എന്നിരിക്കട്ടെ..അതിന്റെ പ്രാഥമികചികിത്സ തന്നെ പഴുപ്പെല്ലാം കഴിയുന്നത്ര ഞെക്കിക്കളഞ്ഞു കഴുകി വൃത്തിയാക്കി ബെറ്റഡിൻ പോലെയുള്ള അണുനാശിനികൾ കൊണ്ട് തുടച്ച് വൃത്തിയായി മരുന്ന് വെച്ച് കെട്ടുക എന്നതല്ലേ?
തീരെ ചെറിയ മുറിവുകൾ ആണെങ്കിൽ ശരീരത്തിന്റെ രോഗപ്രതിരോധപ്രക്രിയകളാൽ താനെ ഉണങ്ങുകയും ചെയ്യും.
ചിന്തിച്ചുനോക്കിയാൽ , പോട് വന്ന് അണുബാധയേറ്റ പല്ല് വായ്ക്കുള്ളിലെ ഒരു വ്രണമാണ്.
നിർഭാഗ്യവശാൽ ഈ വ്രണം മനുഷ്യന്റെ തൊലിപ്പുറത്തുണ്ടാവുന്ന ചെറിയ മുറിവുകൾ സ്വയം ഉണങ്ങുന്നത് പോലെ തനിയെ ഉണങ്ങുകയില്ല.അപ്പോൾ സ്വാഭാവികമായും അത്തരം മുറിവുകളെ ചികിത്സിക്കുന്നതിന് സമാനമായി ,മുറിവ് കഴുകി വൃത്തിയാക്കി, അണുവിമുക്തമാക്കിയശേഷം ഡ്രസ്സ് ചെയ്യുന്നത് പോലെ, പിന്നീടൊരിക്കലും അണുക്കൾക്ക് വേരിനുള്ളിലെവിടെയും വളരാൻ പറ്റാത്തവിധത്തിൽ ഭദ്രമാക്കുകയാണ് റൂട്ട്കനാൽ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്.
റൂട്ട് കനാൽ ചികിത്സ കഴിഞ്ഞാൽ എല്ലാമായി എന്നൊരു ധാരണ പല രോഗികൾക്കും ഉണ്ട്. എന്നാൽ പോട് വന്ന പല്ലിനെ അണുവിമുക്തമാക്കൽ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഈ പോട് ഉള്ള പല്ലിനെ നമുക്ക് സാധാരണ ഭക്ഷണമെല്ലാം കഴിക്കാവുന്ന വിധത്തിൽ ബലപ്പെടുത്തേണ്ടതുണ്ട്.
സാധാരണയായി റൂട്ട് കനാൽ കഴിഞ്ഞ പല്ലിനെ കുറച്ച് രാകിചെറുതാക്കി അളവ് എടുത്ത് ക്യാപ്പ് (crown) ഇടൽ ആണ് ചെയ്യാറ്. എന്നാലിപ്പോൾ ചില പല്ലുകൾക്ക് ക്യാപ് ഇടുന്നത് ഒഴിവാക്കി പല്ലിനെ നല്ല ബലമുള്ള രീതിയിൽ പോടടയ്ക്കുന്ന ചികിത്സകളും ചിലയിടങ്ങളിൽ ലഭ്യമാണ്.
മറ്റെല്ലാ വൈദ്യചികിത്സാക്രിയ ചെയ്യുമ്പോഴും ഉള്ള ചെറിയൊരു ശതമാനം പരാജയ സാധ്യത റൂട്ട് കനാൽ ചികിത്സയ്ക്കുമുണ്ട്. ഒരു പാട് പേർ റോഡിൽ അശ്രദ്ധമായി വണ്ടിയോടിച്ചാലും ഏറ്റവും ശ്രദ്ധിച്ച് ഓടിച്ച ആൾ ചിലപ്പോൾ അപകടത്തിൽ പെടാറില്ലേ? അതു പോലെ.
എന്നിരുന്നാലും അങ്ങനെ സംഭവിച്ചാൽ, ആദ്യതവണ RCT ചെയ്തതിൽ കുടുങ്ങാതെ രക്ഷപെട്ട അണുക്കളെ വീണ്ടും പുകച്ചു പുറത്ത് ചാടിക്കാൻ രണ്ടാമതും റൂട്ട് കനാൽ ചികിത്സ ചെയ്യാറുണ്ട്. (ReRCT)
കൂടാതെ, "അയൽവാസി"കളായ പല്ലുകൾ, മോണ എന്നിവയുടെ സൗഖ്യവും അനാരോഗ്യവുമൊക്കെ RCT ചെയ്ത പല്ലുകളുടെ ആരോഗ്യത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കും. ഒരിക്കൽ RCT ചെയ്തു, ഇനി ആ ഭാഗത്തേക്കേ തിരിഞ്ഞു നോക്കണ്ട എന്ന മനോഭാവം ദോഷം ചെയ്യും!
ദന്തചികിത്സാരംഗത്ത് RCT ഒരു തരംഗമാവുകയും ആളുകൾ സ്വാഭാവിക ദന്തങ്ങളെ സംരക്ഷിക്കുകയും ചെയ്തു തുടങ്ങിയപ്പോഴാണ് RCT യും ക്യാൻസറും തമ്മിലുള്ള ഇരുപ്പ് വശം അന്വേഷിച്ച് പ്രകൃതിസ്നേഹികൾ എന്ന പേരിൽ ചില സാമദ്രോഹികൾ ഇറങ്ങിയത്. അവരോട് പറയാൻ മറുപടി ഒന്ന് മാത്രം! RCT ചെയ്താലും ചെയ്തില്ലേലും ചിലപ്പോൾ ക്യാൻസർ വരും. ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും വരെ മായം കലർന്നും മലീമസമായും കാണപ്പെടുന്ന ഈ ലോകത്ത് ഒരു വ്യക്തിക്ക് ക്യാൻസർ വരാൻ കാരണം അയാൾ ജീവിതത്തില്‍ എന്നോ വിധേയനായ RCT യാണ് എന്നൊക്കെ ഗണിച്ചെടുക്കുന്നവരോട് എന്ത് പറയാൻ !!
ഇന്ത്യയിൽ വിവാഹമോചനം തേടുന്നവരില് 99% വും വിവാഹം കഴിച്ചവരാണെന്ന് പറയുന്നത് പോലെയാണ് RCT യും ക്യാൻസറും തമ്മിലുള്ള "അന്തർധാര"!
രോഗിയുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ആധുനികദന്തവൈദ്യം യഥാർത്ഥത്തിൽ RCT യെ Emergency dental care ആയിട്ടാണ് കാണുന്നത്. പല്ലിന്റെ വേദന അകറ്റാനും അവയെ പറിച്ചു കളയാതെ നിലനിർത്താനും ഉള്ള അടിയന്തിര മാർഗ്ഗം. എന്നാൽ പല്ലിനെ നിലനിർത്തുന്നത് ഒരു "ആഡംബര"മായിട്ടാണ് ഇന്നും പലരും കരുതുന്നത്.
"32 പല്ലില്‍ ഒരെണ്ണം പോയാലെന്ത്? ബാക്കി 31എണ്ണം വെച്ച് അഡ്ജസ്റ്റ് ചെയ്യാം"
എന്നൊരു മട്ടാണ് ചിലര്‍ക്ക്.പല്ലുകൾ ഒരെണ്ണം പറിഞ്ഞു കളഞ്ഞാലും രോഗിയുടെ ജീവന് അപകടമൊന്നും ഇല്ലാത്തതു കൊണ്ടുമാവാം!
എന്നാലും കാലാന്തരത്തിൽ പതിയെയാണെങ്കിലും മാറ്റങ്ങൾ വന്നു കഴിഞ്ഞു. പല്ലുകൾ കൊഴിഞ്ഞ് കവിളൊട്ടി ജീവിക്കാൻ ഇന്ന് ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നില്ല.പലരും എന്റെ പല്ല് RCT ചെയ്യണം എന്ന് ആവശ്യപ്പെട്ടു ഡെന്‍റല്‍ സര്‍ജനെ തേടിവരുന്നു. പണ്ടത്തെ പോലെ പല്ല് എല്ലാം പറിച്ചു കളഞ്ഞ് "സെറ്റുപല്ല്" വയ്ക്കുന്നത് ഇപ്പോൾ "ഫാഷൻ" അല്ല. ഒരു വിധത്തിലും നിലനിർത്താൻ കഴിയാത്ത പല്ലുകൾ മാത്രമേ ഇന്ന് പറിച്ചു കളയുന്നുള്ളൂ. ഹൃദ്രോഗികളേയും പ്രമേഹരോഗികളെയും പോലെ പല്ല് പറിക്കാൻ പല നിബന്ധനകളും ഉള്ളവർക്ക് RCT വലിയൊരു ആശ്വാസമാണ്.
എല്ലാത്തിനും പുറമെ പ്രകൃതിദത്തമായ പല്ലുകൾ കൊണ്ട് ചവച്ചരച്ചു കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ.
ഉള്ള കാലം അവനവന്റെ പല്ലു കൊണ്ട് നന്നായി ചവച്ച് വല്ലതും തിന്നണം, നല്ല ആത്മവിശ്വാസത്തോടെ പൊട്ടിച്ചിരിക്കണം എന്നൊക്കെ ആഗ്രഹം ഉള്ളവർ മാത്രം തിരഞ്ഞെടുക്കേണ്ട ചികിത്സയാണ് റൂട്ട് കനാൽ ട്രീറ്റ്മെന്റ്.
- തയ്യാറാക്കിയത് : ഡോ.സ്മിത റഹ്മാന്‍
Team My Dentist