12/02/2019
"Prevention is better than cure"
"മുറുക്കുന്ന ശീലമുണ്ടോ"
" ഇല്ല ഡോക്ടറെ അങ്ങനെ ഒന്നും ഇല്ല"
"പുകവലിയോ മറ്റോ " ചെറിയ ഒരു മടിയോടുകൂടെ വീണ്ടും ചോദിക്കേണ്ടി വന്നു
ഒരു തെറികേട്ട ഭാവത്തിൽ എന്നെ നോക്കി കൊണ്ട് കൂട്ട് വന്ന ആളു,
"സർ അമ്മയ്ക്കു പുകവലിക്കുന്ന ആൾക്കാരെ പോലും ഇഷ്ടമില്ല"
"
തികച്ചും ആരോഗ്യവതിയായ സ്ത്രീ, യാതൊരു വിധ ദുഃശീലങ്ങളും ഇല്ല, എന്നിട്ടും അവരുടെ നാവിന്റെ ഒരു വശത്തായി ക്യാന്സറിന്റെ വേരുകൾ വളർന്നു തുടങ്ങിയിരിക്കുന്നു. അതിന്റെ കാരണം അവർ പറഞ്ഞ വിവരണത്തിൽ തന്നെ സ്പഷട്മായിരുന്നു.
' മൂന്ന് മാസത്തിൽ കൂടുതലായി കീഴ്താടിയെല്ലിലെ അണപ്പല്ലു പൊട്ടിയിട്ടു കൂർത്തഭാഗം നാവിൽ തട്ടുന്നു, ഇടയ്ക്കിടെ നാവിന്റെ ആ വശത്തു ഒരു അൾസർ പോലെ വരും പിന്നെ അത് താനെ പോകും പിന്നെയും വരും, പക്ഷെ ഇപ്രാവശ്യം കുറെ ദിവസം ആയി അൾസർ മാറുന്നില്ല'
പരിശോധിച്ചപ്പോൾ നാവിന്റെ ഇടതു വശം സൈഡിൽ ആയി ഏകദേശം ഒരു സെന്റിമീറ്റർ വലിപ്പമുള്ള ഒരു അൾസർ, നല്ല കട്ടിയായിട്ടുണ്ട്, തൊടുമ്പോ നല്ല വേദനയും. കൂടാതെ ഇടതു വശത്തെ കഴുത്തിലെ ലിൻഫ് നോഡുകൾ വലുതായിട്ടുമുണ്ട്. അണപ്പല്ലിന്റെ ഒരു കഷ്ണം പൊട്ടിയിട്ടു ഷാർപ്പ് ആയ ഭാഗം ആ അൾസറിൽ നിരന്തരം മുറിവുണ്ടാകുന്നുണ്ട്. ക്ലിനിക്കലി നോക്കുമ്പോ ക്യാന്സറിന്റെ ആരംഭരീതി തന്നെ ആണ്.
"പേടിക്കാൻ ഒന്നും ഇല്ല , ആ കൂർത്ത പല്ലു നമുക്ക് ഇപ്പോ എടുത്തുകളയാം , എന്നിട്ടു ബ്ലഡ് റിപ്പോർട്ട് കൂടെ കിട്ടിയിട്ടു ആ നാവിന്റെ ഭാഗത്തു നിന്നും ദശ എടുത്തു പരിശോധിക്കാൻ കൊടുക്കാം ok,"
അവരെ ആശ്വസിപ്പിച്ചു കൊണ്ട് ബിയോപ്സി ചെയ്യാൻ ഒരു തീയതി കൊടുത്തെങ്കിലും അവരുടെ ആ സങ്കടം നിറഞ്ഞ കണ്ണുകൾ മനസിൽ കണ്ണീരു വീഴ്ത്തികൊണ്ടേയിരുന്നു.
ചെറിയ ഒരു അശ്രദ്ദയോ അല്ലെങ്കി അറിവില്ലായ്മയോ മൂലം മാരകമായ ഒരു രോഗത്തിന് കീഴ്പ്പെടേണ്ടി വരുന്ന കുറച്ചധികം പേരുടെ നിസ്സഹാവസ്ഥ അനുഭവിക്കേണ്ടി വന്നത് കൊണ്ട് മാത്രമാണു ഈ കുറിപ്പു .
പൊട്ടിയതോ അല്ലെങ്കി കൂർത്ത അഗ്രമുള്ളതോ ആയ പല്ലുകളോ വെപ്പുപല്ലുകളോ നാവിന്റെയോ കവിളിന്റെയോ വശങ്ങളിൽ തുടർച്ചയായി മുറിവേല്പിപ്പിച്ചു ദിവസങ്ങളോളും നീണ്ടു നിൽക്കുന്ന അൾസർ ആ ഭാഗങ്ങളിൽ ഉണ്ടായാൽ കാലക്രമേണ അത് കാൻസർ ആയി മാറാനുള്ള ചാൻസ് ഉണ്ട്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ വ്യക്തമാകുന്നതനുസരിച്ചു തുടർച്ചയായ ക്ഷതം കോശങ്ങളിൽ ഏൽക്കുമ്പോൾ അത് കോശങ്ങളുടെ സ്വാഭാവികമായ വിഭജന പ്രക്രിയയെ തടസ്സപ്പെടുത്തി വിഭജനത്തിന്റെ തോത് വർധിപ്പിക്കുകയും കാൻസർ ആയി മാറാനുമുള്ള പ്രേരകമായി വർത്തിക്കുകയും ചെയുന്നു എന്നതാണ്.
നമ്മൾക്കോ ഉറ്റവർക്കോ ഇതുപോലെയുള്ള അസ്വസ്ഥതകൾ ഉണ്ടെകിൽ ഒരു ഡോക്ടറെ കാണിച്ചു അതിനുള്ള ശരിയായ ചികിൽസ പെട്ടന്നുതന്നെ ചെയ്യുന്നത് ചിലപ്പോൾ മാരകമായ ഒരു രോഗത്തിൽ നിന്നുമുള്ള ഒരു മോചനം കൂടിയായിരിക്കും.
പലപ്പോഴും സമയക്കുറവു, നിസ്സാരമായി അവഗണിക്കുന്നത്, അല്ലെങ്കി ഒരു ഡോക്ടറെ കാണാനുള്ള മടി കാരണമോ ആയിരിക്കും പലപ്പോഴും ആരംഭത്തിൽ തന്നെ ചികിൽസിച്ചാൽ വളരെ എളുപ്പത്തിൽ മാറ്റാവുന്ന ഒരു രോഗലക്ഷണത്തെ ജീവിതകാലം മുഴുവൻ സങ്കടപെടുത്തുന്ന ഒരു പശ്ചാത്താപമാക്കി മാറ്റുന്നത്...
കടപ്പാട് : Dr. മുഹമ്മദാലി വാണിമേൽ