20/02/2020
ദന്താരോഗ്യത്തിന്റെ പ്രാധാന്യം
"ഡോക്ടറെ ഈ പല്ലിൽ ഒരു കേടുണ്ട് അതങ്ങ് എടുത്തു തരുമോ?" ക്ലിനിക്കിൽ സാധാരണ കേൾക്കുന്ന ചോദ്യമാണ് ഇത്.എത്ര ലാഘവത്തയോടെയാണ് ഈ ചോദ്യം ചോദിക്കാറുള്ളതെന്നോ. ഇത്തരക്കാരോട് "നിങ്ങളുടെ കൈയിലെ ഒരു വിരലിൽ ഒരു മുറിവുണ്ടെങ്കിൽ വിരൽ മുഴുവനായി മുറിച്ചു കളയാറാണോ പതിവ് ?" എന്ന മറുചോദ്യമാണ് ചോദിക്കാറുള്ളത്.
പൊതുവെ എല്ലാവരുടെയും ധാരണ വായിൽ മുപ്പത്തിരണ്ട് പല്ല് ഉണ്ടല്ലോ അതിൽ നിന്നും രണ്ട് മൂന്നെണ്ണം നഷ്ടപെട്ടാൽ യാതൊരു കുഴപ്പവുമില്ല എന്നാണ്. എന്നാൽ നമ്മുടെ ശരീരത്തിലെ മറ്റ് ഏതൊരു അവയവും പോലെ തന്നെ പ്രാധ്യാന്യമുള്ളതാണ് പല്ലുകളും.മാത്രവുമല്ല ഒട്ടു മിക്ക അവയവങ്ങളുടെയും ശരിയായ രീതിയിലുള്ള പ്രവർത്തനത്തിന് മികച്ച ദന്താരോഗ്യം അത്യാവശ്യമാണ്.
എന്താണ് പല്ലുകളുടെ ധർമ്മം?.
ഈ ചോദ്യത്തിനു പലരുടെയും ഉത്തരം ഭക്ഷണം കഴിക്കാൻ എന്നായിരിക്കും.അതിനു മാത്രമാണോ ദൈവം നമുക്ക് പല്ലുകൾ നൽകിയത് ?. അല്ല .
ഒരു വ്യക്‌തിയുടെ ചിരി , സംസാരം , ആഹാരം കഴിക്കൽ , തുടങ്ങി ആത്മവിശ്വാസത്തിൽ വരെ പല്ലുകൾക്ക് പങ്കുണ്ട്. മുൻ നിരയിലെ പല്ലുകൾ നഷ്ടപെട്ടാൽ മര്യാദക്ക് ചിരിക്കാൻ നമുക്ക് കഴിയില്ല.
ഒരു പല്ല് എടുത്തിനു ശേഷം സംസാരിക്കുമ്പോൾ എന്തോ അപാകത തോന്നുന്നു എന്ന ആശങ്ക ഒരു സുഹൃത്തു കൂടിയായ ഒരു രോഗി പങ്കു വെച്ചിരുന്നു.അപ്പോൾ ഒരുപാട് പല്ലുകൾ നഷ്ടപെട്ടവരുടെ അവസ്ഥ പറയാതിരിക്കുന്നതാകും ഭേദം.
ഭക്ഷണത്തിൻറെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ, ശരിയായ രീതിയിൽ ചവച്ചരച്ചു കഴിക്കാൻ കഴിയില്ലെങ്കിൽ പിന്നെന്തു കാര്യം?.
അപ്പൊ പല്ലുകൾ നഷ്ടപെട്ടാൽ ഇതൊന്നും സാധ്യമാകില്ല.
മുൻപല്ലുകൾ നഷ്ടപെട്ടിട്ടോ നിറം മങ്ങിയിട്ടോ ആളുകളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്.
അപ്പൊ ദന്താരോഗ്യം ആത്മവിശ്വാസത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്.
ആരോഗ്യമുള്ള പല്ലുകൾ ഇല്ലായെങ്കിൽ നമുക്കു വരാവുന്ന മറ്റു ആരോഗ്യ പ്രശ്നങ്ങൾ അനവധിയാണ്.
ശരിക്ക് ഭക്ഷണം കഴിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ദഹന സംബന്ധമായ അസുഖങ്ങളും പോഷകഹാരകുറവുമൂലം ഉണ്ടാകാവുന്ന അസുഖങ്ങളും ബാധിക്കും.
അതു പോലെ അനാരോഗ്യ ദന്തങ്ങളും അവയുടെ ചുറ്റുപാടും ശരീരത്തിലെ ഓരോ അവയവത്തിന്റെയും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
പക്ഷെ നമുക്കു ആ പല്ലുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കാൻ മടിയാണ്. പലപ്പഴും നമ്മുടെ അശ്രദ്ധയും അഞ്ജതയുമാണ് ഇതിനു കാരണം.അതോടൊപ്പം അവഗണനയും.
പല്ലുകളെ വളരെ നിസാരമായി കാണുന്ന പ്രവണത ഉപേക്ഷിക്കണം.
നമ്മുടെ അശ്രദ്ധ കൊണ്ട് പല്ലുകൾക്ക് ബലക്ഷയം സംഭവിച്ചാൽ അതിനുള്ള ചികിത്സ പല്ലു എടുത്തു കളയലല്ല.
ചെറിയ പോടുകൾ അടക്കുന്നതിനും പൊട്ടിപ്പോയ പല്ലുകളുടെ ഭാഗങ്ങൾക്കു പകരമായി അതിനൂതനമായ പല്ലുകളോട് എല്ലാ സവിശേഷതകളിലും തുല്യമാകുന്ന വ്യത്യസ്തമായ വസ്തുക്കൾ ഇന്ന് ലഭ്യമാണ്.
അതു പോലെ കൂടുതൽ ആഴത്തിലുള്ളതോ പഴുപ്പ് ബാധിച്ചതോ ആയ പല്ലുകൾ വേരു (റൂട്ട് കനാൽ) ചികിസയിലൂടെ അടച്ചു കൊടുത്തു ഒരു ക്യാപ് കൂടി നൽകി സംരക്ഷിക്കാവുന്നതേയുള്ളൂ..
നമ്മുടെ തുടർച്ചയായ അവഗണനകളാൽ തീർത്തും നശിച്ചു പോയ പല്ലുകൾ മാത്രമേ എടുത്തു കളയേണ്ടതുള്ളൂ.. പക്ഷെ നഷ്ടപെട്ട പല്ലുകൾക്ക് പകരം കൃത്രിമ ദന്തങ്ങൾ വെച്ചു നൽകണം. വിവിധ തരത്തിലുള്ള കൃത്രിമ ദന്തങ്ങൾ ഇന്ന് ലഭ്യമാണ്.
അപ്പൊ പറഞ്ഞു വന്നത് ഈ പല്ലുകൾ അത്ര നിസാരന്മാരല്ല , സൂക്ഷിച്ചാൽ ദുഃഖിക്കണ്ട ..!!!
വാൽകഷ്ണം: ദന്ത ഡോക്ടർമാർ ഇപ്പഴും 'പല്ലു പറിയന്മാർ' മാത്രമാണ് എന്നു വിശ്വസിക്കുന്ന സാധാരണക്കാരും അഭ്യസ്തവിദ്യരും ഇപ്പഴുമുണ്ട്.അവരുടെയൊക്കെ ചിന്തകളും ചിന്താഗതികളും മാറ്റേണ്ട സമയമായിരിക്കുന്നു..
കടപ്പാട് : ഡോ. മുഹമ്മദ് ഷാഫി പിസി , ചീഫ് ഡെന്റൽ സർജൻ , ട്രസ്റ്റ് ഹോസ്പിറ്റൽ ,രണ്ടത്താണി .